ഒരിക്കലുമടങ്ങാത്ത വേദന,
ഇരു കണ്ണടച്ചാൽ തൂങ്ങിയാടും രണ്ടു -
ശിശുക്കൾ തൻ രോദനം അലയടിക്കേ,
കരഞ്ഞു തളർന്നൊരാ അമ്മതൻ നോട്ടമെൻ
കഴുത്തിനു ചുറ്റും മരണപാശമായ് തീരെ,
വിറയാർന്ന ശബ്ദമെൻ അന്തരാത്മാവിൽ നിന്നുയർന്നു,
" കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ".
ആരോ ജലം തേടി കുഴിച്ച ഗർത്തത്തിൽ -
വീണൊരാ കുഞ്ഞിന്റെ രൂപമെൻ
ചങ്കിലേക്കാഞ്ഞിറക്കുന്നു മരണത്തിൻ കഠാര.
പ്രാർത്ഥനയാൽ ലോകം നിശ്ചലമാകവേ,
തൻ പിഞ്ചോമനയെ രക്ഷിക്കാനാ അമ്മ,
തുന്നി ചേർത്തോരാ സഞ്ചി
കഴുകിൽ തൂങ്ങിയാടുമെൻ ജഡത്തിൻ
മുഖം പൊതിയുവാനായി ഞാൻ കടം വാങ്ങവേ,
ഒഴുകുന്ന കണ്ണീർത്തുടച്ചു ഞാൻ കേഴുന്നു -
" കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ".
വിറയാർന്ന കൈകളാൽ മൂടിപ്പുതപ്പിച്ച -
തുണി മാറ്റിയൊരാതാഥൻ അലറിക്കരയുന്നു,
എന്തു പിഴച്ചുവെൻ പിഞ്ചോമന പിന്നെ,
എന്തിനു നീയെന്നെ ബാക്കി വച്ചു?
നിൻ ചോരയിൽ പിറന്നൊരാ മുകുളത്തെ
കൊല്ലുവാൻ കാപാലികന്നു വഴി പറയവേ,
ഒരു മാത്രയോർത്തെങ്കിൽ നീയാ കുഞ്ഞിനെ,
നിറവയറിൽ ചുമന്നു നടന്ന കാലം,
നിലവിളിയിൽ മനസ്സും, ശരീരവും പുഴുവരിയ്ക്കുമ്പോൾ,
നിലവിളിച്ചോതി ഞാനീ നാലു ദിഗന്തങ്ങൾ പൊട്ടുമാറുച്ചത്തിൽ,
" കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ".
വിരലുകൾ തൂങ്ങി നടന്നൊരാ, വീട്ടിന്നരികിലായുള്ളയാ -
അപ്പുപ്പൻ നീട്ടിയ ചുവന്ന മിഠായി നുണയവേ,
തഴുകി തലോടിയോരാ ഭ്രാന്തന്റെ കണ്ണിലെ
കാമാഗ്നി കാണുവാനായില്ല ,
അറിവില്ലാതെയായ് പോയൊരാ ബാല്യത്തിനെ ,
കറുത്ത കരങ്ങളാൽ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോൾ,
ചിരിച്ചു ചെകുത്താൻ, തന്നെ കടത്തിവെട്ടിയല്ലോ -
മർത്ഥ്യാ നമിച്ചു നിന്നെ ഞാൻ,
ഒരിക്കലുമിനി ലോകം കാണാൻ കഴിയാതെ,
അടയ്ക്കുമാ പാദാരവിന്തത്തിൽ വീണപേക്ഷിച്ചു ഞാൻ,
" കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ".