Home / Ninakkay Mathram / പ്രിയപ്പെട്ട അച്ഛന് – A Fathers Day Memoir

പ്രിയപ്പെട്ട അച്ഛന് – A Fathers Day Memoir

പ്രിയപ്പെട്ട അച്ഛന്,

എന്‍റെ കഥകളോ, കവിതകളോ ഒന്നും അങ്ങ് വായിച്ചിട്ടില്ല എന്നറിയാം. എന്നാല്‍ എനിക്കൊരിക്കലും അങ്ങയോട് പറയുവാന്‍ സാധിക്കാത്ത ചില നിമിഷങ്ങള്‍ ഞാന്‍ ഇ “Fathers Day”ല്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. എന്നെങ്കിലും അങ്ങ് ഇത് കാണും എന്ന ഒരു പ്രതീക്ഷയോടെ.

“അച്ഛന്‍” എന്ന് ഓര്‍ക്കുമ്പോള്‍ അങ്ങയുടെ അചഞ്ചലമായ മുഖമാണ് എന്നും എന്‍റെ മനസ്സില്‍. ഒരു Familyപ്രതിസന്തിയിലും തളരാതെ, അല്ലെങ്കില്‍ ഒരിക്കലും ഞങ്ങളെ അറിയിക്കാതെ, വേദന സ്വയം കടിച്ചമര്‍ത്തി പുറത്ത് ചിരിതൂകി നില്‍ക്കുന്ന വ്യക്തി. കുഞ്ഞുനാളിലെ അച്ഛനെ എനിക്ക് അമ്മയിലൂടെയെ അറിയൂ. എന്‍റെ കൈപിടിച്ച് നേന്ത്ര പഴം വാങ്ങിത്തരാന്‍ കൊണ്ട് പോകുമായിരുന്ന അച്ഛന്‍, എന്നും സുഖമില്ലാതെയാവുന്ന എന്നെയും തോളില്‍ ഇട്ടു ആശുപത്രിയില്‍ ഓടുന്ന അച്ഛന്‍. ഇങ്ങനെ നിറം മങ്ങിയ കുറെ ഓര്‍മ്മകള്‍, എന്നാല്‍ എന്‍റെ ബാല്യം തൊട്ടു ഇന്നുവരെയുള്ള ഒരു ഓര്‍മകള്‍ക്കും നിറം ഒട്ടും മങ്ങിയിട്ടില്ല, ഒരിക്കലും മങ്ങുകയുമില്ല. എല്ലാം നല്ലവ ആയിരുന്നില്ല എങ്കിലും ഓരോ ഓര്‍മയുടെ കണികയിലും അങ്ങയിലെ പിതാവിന്‍റെ വ്യത്യസ്ത മുഖങ്ങള്‍ ഞാന്‍ കാണുന്നു. ചിലവ എന്നെ, അച്ഛന്‍ എങ്ങനെ ആയിരിക്കണം എന്ന് പടിപിച്ചു, മറ്റുചിലത് എങ്ങനെ ആയിരിക്കരുത് എന്നും.

ഇന്ന് ഞാന്‍ ഒരു അച്ഛനാണ്. കുഞ്ഞി കൈകാലിളക്കി കളിക്കുന്ന ഒരു പോന്നോമനയുടെ അച്ഛന്‍. അവന്‍ എന്നെ നോക്കി ചിരിചെങ്കില്‍ എന്ന് ആശിച്ചു പോകാറുണ്ട്, എന്‍റെ കൈപിടിച്ച് നടന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും അവന്‍ അമ്മയെ ആശ്രയിക്കുമ്പോള്‍ വെറുതെ എങ്കിലും ഒരു ചെറിയ അസൂയ മനസ്സില്‍ തോന്നാറുണ്ട്, അവന്‍ അമ്മയെ മാത്രം ഇഷ്ടപെടുമോ എന്നൊക്കെ മനസ്സില്‍ ആശങ്ക പെടാറുണ്ട്. ഞാന്‍ അങ്ങയുടെ പുത്രനായി ജനിച്ചപ്പോള്‍ ഒരു പക്ഷെ അങ്ങും ഇങ്ങനെ ആയിരിക്കാം.

കുട്ടികാലത്ത്, അങ്ങ് ജോലി കഴിഞ്ഞു വരുമ്പോള്‍ എന്നും ഒരു കുഞ്ഞു പൊതി കരുതുമായിരുന്നു. വാഴയിലയില്‍ പൊതിഞ്ഞ പലഹാരങ്ങള്‍ ഞാന്‍ കഴിക്കുമ്പോള്‍ അങ്ങ് സന്തോഷിച്ചിരിക്കണം. ഒരു പക്ഷെ ഞാന്‍ ഉറങ്ങി പോയെങ്കില്‍ രാവിലെ അമ്മയോടുള്ള ആദ്യത്തെ ചോദ്യം ഇതായിരിക്കും.

“അമ്മാ, ഇന്നലെ അച്ഛന്‍ അപ്പം വാങ്ങില്ലേ”?

സൂക്ഷിച്ചു വച്ച പലഹാര പൊതി കയ്യില്‍ കിട്ടുന്നവരേക്കും എനിക്ക് സമാധാനം ഇല്ലായിരുന്നു. പിന്നെ ലാലി നമ്മുടെ ജീവിതത്തിലേക്ക് വന്നു. അന്ന് ഒരു ജേഷ്ട്ടനായി മാറിയ എന്നെ അലോസരപെടുത്തിയ ഒരു കാര്യമ്മുണ്ടായിരുന്നു, നിങ്ങളുടെ സമയം മെല്ലെ എനിക്ക് ലഭിക്കാതെ വരുന്നത് പോലെ. ജീവിതത്തിലെ ആദ്യത്തെ സ്ഥാനകയറ്റം അത്രകണ്ട് ഞാന്‍ ഇഷ്ട്ടപെട്ടിരുന്നില്ല. നിരത്താതെയുള്ള കുഞ്ഞിപെങ്ങളുടെ കരച്ചില്‍ എന്ത് കൊണ്ടാണെന്നറിയില്ല ഞാന്‍ ഒരു തീക്കൊള്ളി കൊണ്ട് ആ തോട്ടിലിലൂടെ പിഞ്ചു ശരിരം വെധനിപിച്ചപ്പോള്‍ ഒരിക്കലും ഞാന്‍ ചെയ്യുന്ന തെറ്റിന്റെ ആഴം എനിക്ക് അറിയുമായിരുന്നില്ല.

കുടയെടുക്കാന്‍ ഞാന്‍ ആ പലകയുടെ സ്റ്റാന്‍ഡില്‍ വലിഞ്ഞു കേറി കുടയുടെ മുകളില്‍ വീണപ്പോള്‍, അങ്ങ് ആ കുടകമ്പി കൊണ്ടെന്നെ തല്ലിയത് ആ തെറ്റ് ഇനി ആവര്‍ത്തിക്കാതിരിക്കാനും, ആ കുടകമ്പി എന്‍റെ ദേഹത്ത് തുളഞു കേറിയിരുന്നെകില്‍ എന്ന ചിന്ത കൊണ്ടുമാണെന്ന് മനസില്ലാക്കാന്‍ എനിക്ക് കാലങ്ങള്‍ എടുത്തു എങ്കിലും, അങ്ങയുടെ അടിയില്‍ ഞാന്‍ നിലത്തു വീഴുമ്പോഴും നാട്ടുകാര്‍ കാണ്‍കെ എന്നെ തല്ലിയതിനായിരുന്നു എനിക്ക് കൂടുതല്‍ വിഷമം.

അങ്ങയുടെ രീതികള്‍ എന്നെ നല്ലൊരു മനുഷ്യന്‍ ആക്കാനുള്ളവയായിരുന്നു എന്നെനിക്കറിയാം, പക്ഷെ അങ്ങ് എന്നും ഒരു വിട്ടുവീഴ്ചയില്ലാത്ത പിതാവായിരുന്നു, അങ്ങയുടെ കര്‍ശനമായ ചിട്ടകളും, നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അങ്ങ് ഉറപ്പു വരുത്തിയിരുന്നു. അന്ന് അത് ഞങ്ങളെ കുറച്ചൊന്നും അല്ല ആലോസരപെടുതിയത്. സ്കൂള്‍ അടച്ച അന്ന് രാത്രി തന്നെ അങ്ങ് എനിക്ക് കുറെ പുസ്തകങ്ങള്‍ കൊണ്ട് തരുമായിരുന്നു, മുക്യവയും ‘cursive writing’ പരിശീലിക്കാനുള്ള പുസ്തകങ്ങള്‍. എന്നും രാത്രി അങ്ങ് അത് വാങ്ങി പരിശോധിക്കുമായിരുന്നു. ഇവയൊക്കെ ജീവിതത്തില്‍ ചിട്ടയും, നല്ല ശീലങ്ങളും പടിപ്പിക്കാനയിരുന്നു എന്ന് അറിയില്ലായിരുന്നു.

അങ്ങയുടെ കര്‍ശനമായ നിലപാടുകള്‍ എന്നെ ഒരു മര്യാദ പുരുഷോത്തമന്‍ ആക്കിയില്ല എങ്കിലും, നല്ലൊരു മനുഷ്യനാക്കി എന്നത് ഒരു ഗര്‍വോടെ തന്നെ പറയാന്‍ കഴിയും. തുച്ഛമായ ശമ്പളം വാങ്ങുപോഴും ഞങ്ങളെ ഏറ്റവും നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പടിപിച്ചു. ദേഷ്യം വരുമ്പോള്‍ അത് ഏതൊരു അച്ഛന്റെയും കടമയാണ് എന്നോര്‍ക്കുംപോഴും എന്‍റെ ചില സുഹൃത്തുക്കളുടെ അച്ചന്മാരെ പോലെ അങ്ങേക്കും എന്ത് വേണമെങ്കിലും തീരുമാനിക്കാമായിരുന്നു. ഒരു പക്ഷെ ഇന്ന് എന്‍റെ ജീവിതം മറ്റൊന്ന് ആകുമായിരുന്നു.

രണ്ടു ദിവസം തിരുവനന്തപുരത്തെ കലോത്സവത്തിന് പോകുമ്പോള്‍ അങ്ങ് ഞങ്ങളെ കാണാന്‍ എത്തിയിരുന്നു. ഇന്ന് അത് ഒരു പുതിയ കാര്യമല്ല എന്നാല്‍ കലോത്സവത്തിന് ഒരു തരിമ്പു പോലും പ്രാധാന്യം നല്‍കാത്ത തമിഴ്നാട്ടിലെ നാട്ടിന്‍പുറത്ത്ക്കാര്‍ക്ക് അതൊന്നും ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല.

എന്നെ ഇത്രയധികം വിശ്വാസമുള്ള ഒരു വ്യക്തി ഇ ലോകത്ത് എന്‍റെ അമ്മ മാത്രമായിരുന്നു എന്നായിരുന്നു എന്‍റെ വിശ്വാസം, കാരണം അങ്ങ് എന്നെ ഒരിക്കല്‍ പോലും പ്രശംസിച്ചിരുനില്ല. ഒന്നാം റാങ്കു നേടിയാല്‍, മാര്‍ക്ക് കുറവായധിനു എന്നെ ദേഷ്യപെട്ടിരുന്നു. പക്ഷെ തുച്ചമായ എന്‍റെ വിജയങ്ങളില്‍ അഹങ്കരിക്കാതെ മുന്നോട്ടുള്ള പാതയില്‍ വരുന്ന ദുര്‍ഘടമായ ഖട്ടങ്ങളെ തരണം ചെയ്യാന്‍ അങ്ങെന്നെ പടിപ്പിക്കുകകയായിരുന്നു എന്ന് ഇന്ന് മനസിലായി. സ്കൂള്‍ വാര്‍ഷികത്തില്‍ താലം നിറയെ സമ്മാനങ്ങളുമായി ഞാന്‍ അങ്ങയുടെ അടുത്തെതുംപോഴും, ആകെ നിറഞ്ഞൊരു ചിരി മാത്രമായിരുന്നു എന്‍റെ പ്രചോദനം. ഞാന്‍ പോയി കഴിയുമ്പോള്‍ അങ്ങയുടെ മുഖത്തെ സന്തോഷം, അഭിമാനം അമ്മ എനിക്ക് പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു.

പിന്നെ അങ്ങയുടെ ഏറ്റവും വലിയ സമ്മാനം എന്‍റെ കുഞ്ഞനുജന്‍ ആയിരുന്നു. അവനിലൂടെ എന്‍റെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. അങ്ങ് എനിക്ക് നിഷേധിച്ചിരുന്ന സ്വാതന്ത്ര്യങ്ങള്‍ അവനു നല്‍കാന്‍ ഞാന്‍ തിരക്ക് കൂട്ടി. ഇന്നും അവന്‍റെ മാനുഷിക മുല്യങ്ങളും, ജീവിതത്തെ നേരിടുന്ന വിധങ്ങളും കാണുന്പോള്‍ ഞാന്‍ തെറ്റിയില്ല എന്നെനിക്കു തോന്നാറുണ്ട്.

എന്‍റെ ആദ്യത്തെ വിദേശ യാത്ര മറക്കാനാവുന്നതല്ല. ചിത്ര ഹോസ്പിറ്റലിലെ ഇരുണ്ട ഇടനാഴിയില്‍ മീശയൊക്കെ വടിച്ചു അവര്‍ തന്ന വസ്ത്രവും ഇട്ടു അങ്ങയെ കാണുകയും, ജീവന് ഒരു ഉറപ്പുമില്ല എന്ന് ഡോക്ടര്‍ പറഞ്ഞു കേട്ട് തിരികെ നടക്കുമ്പോള്‍ എന്‍റെ ഹൃദയം പൊട്ടി പോകും എന്ന് ഭയപെട്ടിരുന്നു. ഭന്ധുക്കള്‍ എന്തും കേള്‍ക്കാന്‍ തയാറായി നില്‍ക്കു എന്ന് പറഞ്ഞു എന്നെ യാത്ര അയക്കുമ്പോള്‍ അങ്ങയുടെ തളര്‍ന്ന മുഖത്തില്‍ എന്നെ വിഷമിപ്പിക്കാതിരിക്കാന്‍ ഒളിപിച്ച ചിരിയും, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ കരയുന്ന എന്‍റെ അമ്മയും, എന്നെ കെട്ടി പിടിച്ചു കരഞ്ഞ എന്‍റെ കുഞ്ഞനിയനും, പെങ്ങളും എന്‍റെ മനസ്സില്‍ മാറി മാറി വന്നു കൊണ്ടിരുന്നു. തിരികെയെത്തി അങ്ങയുടെ മുഖം കാണുന്ന വരേയ്ക്കും ജീവിതത്തില്‍ അങ്ങ് വഹിച്ച പങ്കു എത്ര വലതാണെന്ന് എന്നെ കാലം പടിപ്പിക്കുകകയായിരുന്നു.

പനിബാധിച്ചു കിടപ്പിലായ ഞാന്‍ മെല്ലെ ഉണരുമ്പോള്‍, എന്‍റെ തലയില്‍ തലോടുന്ന അങ്ങയെയാണ് കണ്ടത്. കടലോളം സ്നേഹം ഉള്ളില്‍ ഒതിക്കിയ ഒരു പിതാവിനെ തിരിച്ചറിയാന്‍ ആ ഒരു ചെറിയ സ്പര്‍ശം മതി ആയിരുന്നു എനിക്ക്. തിരികെ ജോലിക്ക് കയറിയ ഞാന്‍ ഒരു പുതിയ തിരിച്ചറിവിന്‍റെ ആവേശത്തിലായിരുന്നു. പിന്നെ അങ്ങയെ ഞാന്‍ വിളിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അപ്പോഴൊക്കെയും അമ്മയോട് ഞാന്‍ വിളിച്ചു എന്ന് സന്തോഷത്തോടെ പറയും എന്ന് അമ്മ പറയാറുണ്ടായിരുന്നു.

എന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും അങ്ങ് ഒരു നിഴലായി, ഒരു താങ്ങായി തണലായി എന്‍റെ കൂടെ ഉണ്ടായിരുന്നു. എന്‍റെ ജീവിതം അകാലത്തില്‍ പൊലിയും എന്ന് ഉറപ്പിച്ചപ്പോഴും, ഒരു പുതിയ ജീവിതം കേട്ടിപടുത്തി പഴയതിനെക്കാളും പതിനായിരം മടങ്ങ്‌ മെച്ചത്തില്‍ ആക്കിയതില്‍ അങ്ങ് തീര്‍ച്ചയായും വിജയം കണ്ടു.

ഇന്നും പല വിഷമങ്ങളിലും അധ്യമെത്തുന്ന മുഖം അങ്ങയുടെതാണ്. എല്ലാ ചോദ്യത്തിനും ഒരു ഉത്തരം, ഒരു പരിഹാരം അങ്ങേക്ക് പറഞ്ഞുതരാന്‍ ഉണ്ടാവും എന്നറിയാം. ഒരു പക്ഷെ അങ്ങ് നല്ലൊരു ഭര്‍ത്താവല്ല ( സ്നേഹം പ്രകടിപിക്കുന്ന കാര്യത്തില്‍, അമ്മയെ മനസിലാക്കുന്ന കാര്യത്തില്‍ ) എങ്കിലും നല്ലൊരു അച്ഛനാണ് എന്നത് എനിക്ക് നിശംശയം പറയാം. ഇന്നും ഞാന്‍ ഒറ്റക്കാണ്, ഇന്നെന്നെ വിശ്വസിച്ചു ഒരു പൊട്ടി പെണ്ണും, ഒരു കുഞ്ഞു ജീവനും ഉണ്ട്, എങ്കിലും എനിക്ക് ഇന്ന് വിഷമങ്ങള്‍ക്ക് ഒന്ന് വിളിക്കാനും, ചോദ്യങ്ങള്‍ക്ക് ഉത്തരമേകാനും അങ്ങ് മാത്രമേ ഉള്ളു. ചിലപ്പോള്‍ അങ്ങയുടെ ആശയങ്ങളോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ട്, അതൊരിക്കലും അങ്ങയുടെ സ്ഥാനം കുറച്ചു കാണിക്കാന്‍ അല്ല, എന്‍റെ അറിവും, പരിചയവും അങ്ങയെ ബോധിപ്പിക്കുന്നു എന്ന് മാത്രം. ഇനിയും എന്‍റെ ജീവിതത്തില്‍ ഒരു വിളക്കായ്‌, ജീവനായ് ഒരു ശതം വര്‍ഷം ഉണ്ടാവണമേ എന്ന പ്രാര്‍ത്ഥനയോടെ, ഒരു സന്തോഷകരമായ “Fathers Day” ആശംസിക്കുന്നു..

അങ്ങയുടെ സ്വന്തം മകന്‍.

About dhanus@dhaneshnair.com

Check Also

Aarav the prince and Kingdom of Moon – Toddler Story

Aarav, the prince is mythologic character created around Aarav Nair ( authors son). Aarav, the Prince is a super hero who saves people by his heroic act. In this story, Aarav saves Eva, the daughter of King of Moon.

Leave a Reply

Your email address will not be published. Required fields are marked *